Kerala
പത്തനംതിട്ട : ചികിത്സാ പിഴവ് ആരോപിച്ച് പ്രതിപക്ഷം നടത്തുന്ന പ്രതിഷേധം വീണാ ജോര്‍ജ് തള്ളി. തന്റെ സുരക്ഷയ്ക്ക് ഒരു പോലീസ് സന്നാഹവും വേണ്ട. പാര്‍ട്ടി പ്രവര്‍ത്തകരുണ്ടാകും. താനും ഇവിടെ തന്നെയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതിഷേധം ഭയന്ന് ഓടുന്ന ആളല്ലതാൻ. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കും. വീഴ്ച കണ്ടെത്തിയാല്‍ നടപടി ഉണ്ടാകും. മനുഷ്യ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. വീട്ടമ്മയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഒരു ആരോഗ്യമന്ത്രി ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
സ്വകാര്യ ആശുപത്രികളിലെ ചികിത്സാപിഴവുകളില്‍ പ്രതിപക്ഷവും മാധ്യമങ്ങളും ശബ്ദിക്കാത്തത് എന്തുകൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഹരിപ്പാട് സ്വകാര്യ ആശുപത്രിയില്‍ ഉണ്ടായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നോയെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു.
Kerala
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിനെതിരെ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ സിപിഎം. പ്രതിപക്ഷം നടത്തുന്ന സമരാഭാസങ്ങളെ കൈയ്യുംകെട്ടി നോക്കി നിൽക്കാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.
മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകർത്ത് വീട്ടിൽ കയറി റീത്ത് വച്ചു. പോലീസ് വാഹനം തകർത്തു, പോലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുഴുവൻ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും ഉറപ്പുവരുത്തിയ ഭരണമാണ് പത്ത് വർഷമായി കേരളം കാണുന്നത്.
അതിൽ അസഹിഷ്ണുത പൂണ്ടവരാണ് അനാവശ്യ സമരങ്ങളിലേക്കും അതിക്രമങ്ങളിലേക്കും അതുവഴി കലാപത്തിലേക്കും നാടിനെ തള്ളിവിടാൻ ശ്രമിക്കുന്നത്. ജനാധിപത്യപരമായ സമരങ്ങളോടോ പ്രതിഷേധങ്ങളോടോ ഒരു ഘട്ടത്തിലും അസഹിഷ്ണുതപൂണ്ട നിലപാട് സർക്കാരോ എൽഡിഎഫോ സ്വീകരിച്ചിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ചികിത്സാ പിഴവിൽ മന്ത്രി വീണാ ജോർജിനെ കുറ്റപ്പെടുത്തി കെ. മുരളീധരൻ. ഓപ്പറേഷന് വിധേയനായാൽ ഒരു കത്രിക ഫ്രീ എന്ന രീതിയിലാണ് സർക്കാർ ആശുപത്രികൾ പ്രവർത്തിക്കുന്നത്.
മന്ത്രി മഹാറാണിയൊന്നുമല്ല. മന്ത്രിയുടെ പിടിപ്പുകേട് കാരണം ആശുപത്രികളെ കൊലകളമാക്കി. മെഡിക്കൽ കോളജ് ഡോക്ടർമാർ സമരം നടത്തുന്നു. എല്ലാ ദിവസവും എന്തെങ്കിലും സംഭവം നടക്കുന്നു.
ഒരു ദിവസം ഒരു ഒറ്റപ്പെട്ട സംഭവമാണ് നടക്കുന്നത്. ഡോ.ലളിതാംബികയുടെ പരാമർശം എന്ത് ധിക്കാരമാണെന്നും ആരോഗ്യമന്ത്രി അമ്പേ പരാജയമാണെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് യൂത്ത്കോൺഗ്രസ് അതിക്രമിച്ച് കയറിയതിൽ പ്രതികരിച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്. യൂത്ത്കോൺഗ്രസ് നടത്തുന്നത് തീക്കളിയാണ്. ആ കളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നും വസീഫ് പറഞ്ഞു.
വണ്ടാനം മെഡിക്കൽ കോളജിലെ ചികിത്സാപിഴവിനെ തുടർന്ന് മന്ത്രി വീണാ ജോർജിനെതിരെ യൂത്ത്കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുകയാണ്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ച് കയറിയ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകർ വീടിന്റെ വാതിലില്‍ റീത്ത് വെച്ചു.
പിന്നാലെ പത്തനംതിട്ട ടൗൺഹാളിലെ മന്ത്രിയുടെ പരിപാടിയിലും പ്രതിഷേധമുണ്ടായി. കോൺഗ്രസ് ജനപ്രതിനിധികളാണ് ഇവിടെ പ്രതിഷേധിച്ചത്. ഇതോടെ യോഗം നിർത്തിവച്ചു. പിന്നീട് എൽഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തിയതോടെ സ്ഥലത്ത് സംഘർഷമുണ്ടായി.
Kerala
പത്തനംതിട്ട: പത്തനംതിട്ട ടൗൺഹാളിലെ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പരിപാടിയിൽ പ്രതിഷേധം. മന്ത്രി പങ്കെടുത്ത യോഗത്തിലാണ് കോൺഗ്രസ് ജനപ്രതിനിധികളുടെ പ്രതിഷേധമുണ്ടായത്. ഇതോടെ യോഗം അലങ്കോലപ്പെടുകയായിരുന്നു.
ജനറൽ ആശുപത്രി ജില്ലാ പഞ്ചായത്തിലേക്ക് മാറ്റിയതിൽ അടക്കമായിരുന്നു മന്ത്രിക്കുനേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധം എൽഡിഎഫ് പ്രതിനിധികൾ പ്രതിരോധിച്ചതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. ഇതോടെ യോഗം നിർത്തിവയ്ക്കുകയായിരുന്നു.
ഹാളിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ കൂക്കിവിളിച്ചതോടെ പോലീസെത്തി നിയന്ത്രിച്ചു. പ്രതിഷേധത്തിനിടെ മാധ്യമങ്ങൾക്ക് നേരെ മന്ത്രി വിമർശനമുന്നയിച്ചു. ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തും പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം നടന്നു. വണ്ടാനം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിലാണ് പ്രതിഷേധം കനക്കുന്നത്.
രാവിലെ തിരുവനന്തപുരത്ത് കടുത്ത പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ റീത്തുമായി എത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. രാവിലെ എട്ട് മണിയോടെ വീണ ജോര്‍ജിന്റെ വീടിന് മുന്നില്‍ പൊലീസിനെ മറി കടന്ന് ഇരച്ച് കയറിയ പ്രവര്‍ത്തകര്‍ വീടിന്റെ വാതിലില്‍ റീത്ത് വച്ചു. പിന്നീട് പോലീസ് ഉദ്യോഗസ്ഥര്‍ റീത്ത് എടുത്ത് മാറ്റി.
Kerala
പത്തനംതിട്ട: തന്റെ ഔദ്യോഗിക വസതിക്ക് നേരെ യൂത്ത് കോൺഗ്രസ് നടത്തിയ അതിക്രമത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സതീശന്റെ നിർദേശ പ്രകാരമാണ് യൂത്ത് കോൺഗ്രസ് ആക്രമണം നടത്തിയതെന്ന് മന്ത്രി പറഞ്ഞു.യൂത്ത് കോൺഗ്രസ് എന്തിനാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമാക്കണമെന്നും വീണാ ജോർജ് പറഞ്ഞു.
ആലപ്പുഴയിലെ സംഭവവുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചെയ്യേണ്ടതായിട്ടുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മണിക്കൂറുകൾക്കണം നടപടിയെടുത്തു. കൃത്യമായ അന്വേഷണം നടത്താൻ തീരുമാനിച്ചു. എന്നാൽ ചില മാധ്യമങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രചരണം നടത്തി. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയഭീതിയാണ് ഇതിനെല്ലാം പിന്നിലെന്നും മന്ത്രി പറഞ്ഞു.
ഒരുതരത്തിലുള്ള ചികിത്സാ പിഴവും അംഗീകരിക്കില്ല. ആരു തെറ്റ് ചെയ്താലും നടപടി സ്വീകരിക്കും. സർക്കാർ സ്വീകരിക്കേണ്ട നടപടി സ്വീകരിച്ചു. എന്നാൽ സർക്കാർ ആശുപത്രികളെല്ലാം മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഹോസ്പിറ്റൽ മേഖലയിൽ നിക്ഷേപം നടത്തിയ കുത്തകളെ സഹായിക്കുന്ന നിലപാടാണ് വി ഡി സതീശനും കൂട്ടരും നടത്തുന്നതെന്നും വീണാ ജോര്‍ജ് കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ വസതിക്ക് മുന്നിൽ റീത്ത് വച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസിനെതിരെ വിമർശനുമായി മന്ത്രി വി. ശിവൻകുട്ടി. എല്ലാവർക്കും പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നും എന്നാൽ പ്രതിഷേധം അതിര് കടക്കരുതെന്നും ശിവൻകുട്ടി പറഞ്ഞു.
"യൂത്ത് കോൺഗ്രസ് ആരെയാണ് വിരട്ടാൻ നോക്കുന്നത്. ആരോഗ്യമന്ത്രിയെ ഒറ്റപ്പെടുത്താമെന്ന് വിചാരിക്കണ്ട. യൂത്ത് കോൺഗ്രസ് വിരട്ടാൻ നോക്കിയാൽ പേടിക്കുന്നവരല്ല ഇടതുപക്ഷക്കാർ.'-ശിവൻകുട്ടി കൂട്ടിച്ചേർത്തു.
"ആരോഗ്യമേഖലയിൽ ചില പ്രശ്നങ്ങളുണ്ട്. അത് പരിഹരിക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കുന്നുണ്ട്. ദേശീയ തലത്തിൽ പോലും അംഗീകരിച്ചിട്ടുള്ള സംസ്ഥാനത്തെ ആരോഗ്യരംഗത്തെ അപമാനിക്കാനാണ് കോൺഗ്രസും യൂത്ത് കോൺഗ്രസും ഒക്കെ ശ്രമിക്കുന്നത്. സർക്കാർ ഇതിന് മുന്നിലൊന്നും പതറില്ല.'-ശിവൻകുട്ടി പറഞ്ഞു.
Kerala
ആലപ്പുഴ: ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല എംഎൽഎ. വീണാ ജോർജ് മന്ത്രി സ്ഥാനത്ത് നിന്നും മാറിയാൽ മാത്രമെ ആരോഗ്യ വകുപ്പിലെ സിസ്റ്റം ശരിയാവുകയുള്ളുവെന്ന് ചെന്നിത്തല പറഞ്ഞു.
മന്ത്രി ഏതു കാര്യത്തിലും സിസ്റ്റത്തെ കുറ്റം പറഞ്ഞു രക്ഷപെടാൻ ശ്രമിക്കുകയാണ്. അത് അംഗീകരിക്കാൻ കഴിയില്ല. ആരോഗ്യ മേഖല സമ്പൂർണ പരാജയമാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
ചികിത്സാ പിഴവിനെ തുടർന്ന് അഞ്ച് വർഷമായി വയറ്റിൽ കത്രികയുമായി കടുത്ത യാതനകൾ സഹിച്ച് ജീവിക്കേണ്ടി വന്ന പുന്നപ്ര സ്വദേശിനി ഉഷയെ എറണാകുളം അമൃത ആശുപത്രിയിൽ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ച് വർഷക്കാലമായി കഠിനമായ വേദന അനുഭവിച്ചിട്ടും സ്കാനിങ്ങിൽ പോലും ഇത് കണ്ടെത്താൻ കഴിയാതിരുന്നത് വലിയ വീഴ്ചയാണ്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം പിയുടെ സജീവ ഇടപെടലിനെ തുടർന്നാണ് ഉഷയെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉഷയ്ക്ക് വേണ്ട ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.
കോഴിക്കോട് ഹർഷിനയുടെ കേസിൽ സർക്കാർ കാണിച്ച വഞ്ചന ഉഷയുടെ കാര്യത്തിൽ ആവർത്തിക്കാൻ പാടില്ല. ഹർഷിനയ്ക്ക് 50 ലക്ഷത്തോളം രൂപ ചികിത്സയ്ക്കായി ചിലവായപ്പോൾ സർക്കാർ നൽകിയത് വെറും രണ്ട് ലക്ഷം രൂപയാണ്.
നീതിക്കായി മന്ത്രിയുടെ വീട്ടുപടിക്കൽ സമരം ചെയ്യേണ്ടി വന്ന ആ കുടുംബത്തിന്റെ അവസ്ഥ ഈ പാവപ്പെട്ട കുടുംബത്തിന് ഉണ്ടാകരുത്. ഉഷയുടെ ചികിത്സാ ചിലവ് പൂർണമായും സർക്കാർ വഹിക്കുകയും അടിയന്തരമായി അർഹമായ നഷ്ടപരിഹാരം നൽകുകയും വേണം.
സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ, പ്രത്യേകിച്ച് ആലപ്പുഴ മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥ ഭയാനകമാണ്. ഡോക്ടർമാരും സ്റ്റാഫുകളും മരുന്നും ഇല്ലാതെ രോഗികൾ വലയുമ്പോഴും മന്ത്രി അനങ്ങുന്നില്ലെന്നും പിഴവുകൾ ചൂണ്ടിക്കാണിക്കുന്ന ഡോക്ടർമാരെ സർക്കാർ പീഡിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളജിലെ ചികിത്സാപ്പിഴവ് വേദനാജനകവും ദൗർഭാഗ്യകരവുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
‘ചികിത്സാപ്പിഴവിന് ഇരയായ രോഗിയുടെ കുടുംബം പറയുന്നതാണ് ഞാന്‍ വിശ്വസിക്കുന്നത്. ഡോക്ടറുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര പിഴവ്. തൊഴിലിനോടുള്ള അനാദരവാണ് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായത്.’ സ്വന്തം ജീവിതത്തിലാണ് ഇത്തരത്തിലൊരു അനുഭവം ഉണ്ടായാല്‍ ഡോക്ടര്‍ ഇങ്ങനെ ന്യായം പറയുമോയെന്നും മന്ത്രി ചോദിച്ചു.
ശസ്ത്രക്രിയയ്ക്കിടെ കത്രിക മറന്നു വച്ച സംഭവത്തെ ലാഘവത്തോടെ പ്രതികരിച്ച ഡോക്ടര്‍ ലളിതാംബികയുടെ പ്രതികരണത്തെ മന്ത്രി വീണ ജോര്‍ജ് വിമര്‍ശിച്ചു. സിസ്റ്റത്തിന്റെ വീഴ്ചയാണ് പ്രശ്നത്തിനു കാരണമെന്നായിരുന്നു ഡോ. ലളിതാബികയുടെ പ്രതികരണം.
ചികിത്സാപ്പിഴവ് വരുത്തിയവര്‍ സര്‍വീസിലുണ്ടെങ്കില്‍ സസ്പെൻഡ് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. കുറ്റക്കാരായവര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിഎംഇക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. ഈ റിപ്പോര്‍ട്ട് പോലീസിന് കൈമാറുമെന്നും മന്ത്രി പറഞ്ഞു.
സര്‍വീസില്‍ ഇല്ലാത്ത ഡോക്ടര്‍മാര്‍ക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഡിഎംഇ നിയോഗിച്ച വിദഗ്ധ സംഘം ഇന്ന് ആലപ്പുഴയിലെത്തുമെന്നും മന്ത്രി പറഞ്ഞു. ശസ്ത്രക്രിയകള്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് മതിയായ ജീവനക്കാരുടെ സഹായത്തോടെ നടത്തണമെന്നാണ് ചട്ടം. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയുണ്ടാകും.
ശസ്ത്രക്രിയയ്ക്കിടെ കത്രിക രോഗിയുടെ വയറ്റില്‍ ഉപേക്ഷിച്ച സംഭവം ഗുരുതര പിഴവാണെന്നും മന്ത്രി പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
പുന്നപ്ര തെക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡ് നാല്‍പ്പതില്‍ച്ചിറ ഉഷാ ജോസഫ്(59) ആണ് ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ ദുരിതം അനുഭവിക്കുന്നത്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി 2021 മേയ് 10നാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടക്കുന്നത്. അതിനുശേഷം കടുത്ത വേദന അനുഭവപ്പെടുകയും തുടര്‍ച്ചയായി രക്തസ്രാവം ഉണ്ടാകുകയും ചെയ്തു.
വിവിധ ഡോക്ടര്‍മാരുടെ ചികിത്സ തേടിയെങ്കിലും രോഗം ഭേദമാകുകയൊ കാരണം കണ്ടെത്താനൊ കഴിഞ്ഞില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം ആലപ്പുഴയിലുള്ള യൂറോളജി വിഭാഗം ഡോക്ടറെ സമീപിച്ചു. തുടര്‍ന്ന് എക്സ്റേ ഉള്‍പ്പെടെയുള്ള പരിശോധനക്ക് കുറിച്ച് നല്കി. തുടര്‍ന്നാണ് വയറിനുള്ളില്‍ കത്രിക കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.
രോഗിയോട് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടാന്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം ശസ്ത്രക്രിയിലൂടെ കത്രിക നീക്കം ചെയ്യാമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഉഷ ജോസഫ് പറഞ്ഞു. വീട്ടിലെത്തിയ ശേഷം സംഭവത്തിന്റെ തീവ്രത മനസിലാക്കിയ ബന്ധുക്കള്‍ വിവരം മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് നേതാവും പുന്നപ്ര തെക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റുമായ കെ.എഫ്. തോബിയാസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പുന്നപ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം വ്യാഴാഴ്ച മുതൽ പ്രതിസന്ധിയിലാകും. അനിശ്ചിതകാല ഒപി ബഹിഷ്കരണ സമരത്തിനൊപ്പം വ്യാഴാഴ്ച മുതൽ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നിർത്തിവയ്ക്കും.
സമരം പിൻവലിക്കണമെന്ന ആരോഗ്യമന്ത്രി വീണ ജോർജിന്റെ ആവശ്യം കെജിഎംസിടിഎ തള്ളിക്കളഞ്ഞിരുന്നു. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ നിർത്തിവയ്ക്കുന്നതോടെ നേരത്തെ നിശ്ചയിച്ചുറപ്പിച്ച ശസ്ത്രക്രിയകൾ മുടങ്ങും.
അതേസമയം അവശ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐസിയു, ഐപി ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്മോർട്ടം എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശമ്പളകുടിശിക അനുവദിക്കുക, തസ്തികകൾ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നിൽ ധർണയും സംഘടിപ്പിക്കും.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കടുത്ത നടപടിയുമായി ആരോഗ്യവകുപ്പ്. ആരോപണം നേരിടുന്ന ഡോ. ബിന്ദു സുന്ദറിനെ സ്ഥലം മാറ്റിയതിന് പിന്നാലെ സസ്പെൻഡ് ചെയ്ത് ആരോഗ്യവകുപ്പ്.
ബിന്ദു സുന്ദറിനെതിരെ കൈക്കൂലി ആരോപണവും ഉയർന്നിരുന്നു. ബിന്ദു സുന്ദറിനെ പുനലൂർ താലൂക്ക് ആശുപത്രിയിലേക്കാണ് മാറ്റിയിരുന്നത്. കുടുംബം പ്രതിഷേധം കടുപ്പിച്ചതോടെയാണ് ആരോഗ്യവകുപ്പ് ഡോക്ടർക്കെതിരെ കൂടുതൽ നടപടികളിലേക്ക് കടന്നത്.
സംഭവത്തിന് പിന്നാലെ കുടുംബത്തിനൊപ്പം വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഡോക്ടർക്കെതിരെ കടുത്ത നടപടി സ്വീകരിച്ചില്ലെങ്കിൽ കുഞ്ഞിന്റെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് കുടുംബം അറിയിച്ചിരുന്നു.
ഗുരുതരാവസ്ഥയിലെന്നു കണ്ടിട്ടും ശസ്ത്രക്രിയ മണിക്കൂറുകൾ വൈകിപ്പിക്കൽ, വിവരം ബന്ധുക്കളെ അറിയിക്കാതിരിക്കൽ, അവസാന നിമിഷം മാത്രം ശസ്ത്രക്രിയ നടത്തി കുഞ്ഞിന്റെ മരണത്തിന് ഇടയാക്കിയ ചികിത്സാ പിഴവ് തുടങ്ങിയ ഗുരുതര ആരോപണമാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ പാലോട് സ്വദേശികളായ കുടുംബം ഉന്നയിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സംഭവം. പ്രസവ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത കുഞ്ഞാണ് മരിച്ചത്. ഇതിന് പിന്നാലെ മരിച്ച കുഞ്ഞിന്റെ ബന്ധുക്കൾ ആശുപത്രിക്ക് മുന്നിൽ ആർഡിഒയെയും ആശുപത്രി സൂപ്രണ്ടിനേയും തടഞ്ഞുവച്ച് പ്രതിഷേധിച്ചിരുന്നു. പാലോട് സ്വദേശി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് നിർദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ആണ് നിർദേശം നൽകിയത്.
സംഭവത്തിൽ ഡോക്ടർ ബിന്ദുവിനെതിരെ ഗുരുതര ആരോപണവുമായി കുഞ്ഞിന്റെ പിതാവ് രംഗത്തെത്തയിരുന്നു. എന്നാൽ താൻ അല്ല ശസ്ത്രക്രിയ ചെയ്തതെന്ന് ഡോക്ടർ ബിന്ദു സുന്ദർ പറഞ്ഞു.
പക്ഷെ ഓപ്പറേഷൻ തിയേറ്ററിൽ കൂടെ ഉണ്ടായിരുന്നവർ ബിന്ദു സുന്ദർ തന്നെയാണ് ചെയ്തതെന്ന് പറഞ്ഞെന്നും കുഞ്ഞിന്റെ അച്ഛൻ ബിനിൽ പ്രതികരിച്ചു. വിഷയത്തിഷൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തി. സൂപ്രണ്ടിന്റെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം.
പാലോട് സ്വദേശിനി നിരഞ്ജനയുടെ കുഞ്ഞാണ് മരിച്ചത്. ഡോക്ടർ ബിന്ദു സുന്ദറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയ പിഴവിൽ മുൻപും ആരോപണ വിധേയയാണ് ഡോക്ടർ. നേരത്തെ വിതുര സ്വദേശിനിയായ ഹസ്നാ ഫാത്തിമയുടെ പ്രസവ ശസ്ത്രക്രിയയ്ക്കിടെയുണ്ടായ ചികിത്സാപിഴവിൽ ആരോപണവിധേയയാണ് ബിന്ദു സുന്ദർ.
Kerala
തിരുവനന്തപുരം: ദേശീയപാത 66ൽ പൂർത്തിയായതും നിർമാണം പുരോഗമിക്കുന്നതുമായ സ്ട്രെച്ചുകളിൽ സുരക്ഷയും സ്ഥിരതാ മാനദണ്ഡങ്ങളും പൂർണമായി പാലിച്ച ശേഷമേ ഏതൊരു റോഡ് ഭാഗവും ഗതാഗതത്തിനായി പൂർണമായി തുറന്നുകൊടുക്കുകയുള്ളൂവെന്ന് ദേശീയപാത അഥോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ടെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനു വേണ്ടി മന്ത്രി വീണാ ജോർജ് നിയമസഭയിൽ അറിയിച്ചു. ഇതു പാലിക്കപ്പെടുന്നെന്ന് ഉറപ്പാക്കാൻ പൊതുമരാമത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
17 സ്ട്രച്ചുകളുടെയും മണ്ണ് പരിശോധന ഉൾപ്പെടെയുള്ള ലാബ് പരിശോധന നടത്താനായി 10 പ്രത്യേക വിദഗ്ധ ഏജൻസികളെ ഏർപ്പെടുത്തി. സമഗ്ര ജിയോടെക്നിക്കൽ പഠന പരിപാടി ആരംഭിച്ചു. വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾ, ജിയോടെക്നിക്കൽ പഠന റിപ്പോർട്ടുകൾ, സാമൂഹിക പരിഗണനകൾ എന്നിവ സംയുക്തമായി പരിശോധിച്ച ശേഷം ഓരോ റീയിൻ ഫോഴ്സ്ഡ് സോയിൽ വാളിന്റെയും രൂപരേഖ, നിർമാണം എന്നിവ പുനഃപരിശോധിക്കും.
ആവശ്യമായ സ്ഥലത്ത് ശക്തിപ്പെടുത്തൽ, പുനർരൂപകൽപന, പൊളിച്ചുനീക്കി പുനർനിർമാണം എന്നിവ പരിഗണിക്കുമെന്ന് ദേശീയപാത അഥോറിറ്റി അറിയിച്ചിട്ടുണ്ടെന്നും എം. നൗഷാദിന്റെ സബ്മിഷന് മറുപടിയായി അറിയിച്ചു. കൊല്ലം- കടന്പാട്ടുകോണം റീച്ചിലെ പ്രശ്നങ്ങൾ പരിഹരിക്കും.
കൊല്ലം മൈലക്കാട് ഭാഗത്തെ ദേശീയപാത നിർമാണത്തിനിടെ തകർച്ച സംഭവിച്ച ഉടൻ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയോട് ഉന്നതതല പരിശോധന ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിക്കാമെന്ന് എൻഎച്ച്എഐ ഉറപ്പ് നൽകി. ഐഐടിയിലെ വിദഗ്ധർ ഉൾപ്പെടെയുള്ളവരടങ്ങിയ ഉന്നതതല വിദഗ്ധ സമിതി രൂപീകരിക്കുകയും സ്ഥലസന്ദർശനം നടത്തി സമിതി നിർദേശം സമർപ്പിക്കുകയും ചെയ്തു.
സമിതി ശിപാർശകളുടെ അടിസ്ഥാനത്തിൽ പരിഹാര നടപടികളും തകർച്ച സംഭവിച്ച ഭാഗത്ത് സ്ഥിരത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങളും നടപ്പാക്കി. തകർച്ചയ്ക്ക് ഉത്തരവാദികളായവർക്കെതിരേ നടപടി സ്വീകരിച്ചുവരുന്നതായി അറിയിച്ചു. തകർച്ച സംഭവിച്ച ഭാഗത്ത് സ്ഥിരത ഉറപ്പാക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിവരുന്നതായി ദേശീയപാത അഥോറിറ്റി അറിയിച്ചതായി മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: കേരളത്തിന് എയിംസ് അനുവദിക്കാത്തതിനെ വിമർശിച്ച് മന്ത്രി വീണാ ജോർജ്. ഭൂമി ഏറ്റെടുത്ത് നൽകാത്തതുകൊണ്ടാണ് എയിംസ് വൈകുന്നതെന്ന് കുറ്റപ്പെടുത്തുന്നവർക്കുള്ള മറുപടിയുമായിട്ടാണ് വീണ ജോർജ് രംഗത്തെത്തിയത്.
2024ൽ തന്നെ എയിംസ് സ്ഥാപിക്കുന്നതിന് കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകൾ കേരളം സമർപ്പിച്ചിരുന്നുവെന്നും വീണാ ജോർജ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു. കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകാൻ ധനമന്ത്രാലയത്തോട് അഭ്യർഥിച്ചു.
അടുത്ത പ്രഖ്യാപനത്തിൽ കേരളത്തിന്റെ എയിംസ് ഉൾപ്പെടുമെന്ന് അറിയിച്ച് കേന്ദ്രം സംസ്ഥാനത്തിന് നൽകിയ കത്തിന്റെ ചിത്രം ഉൾപ്പെടെ പങ്കുവെച്ചാണ് വീണ ജോർജിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്. വീണ്ടും രണ്ട് ബജറ്റുകൾ കൂടി കഴിഞ്ഞുവെന്നും എയിംസ് കണ്ടില്ല സാർ എന്നും മന്ത്രിയുടെ പോസ്റ്റിൽ പറയുന്നു.
Kerala
പാലക്കാട്: ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട് പല്ലശന സ്വദേശിയായ ഒൻപത് വയസുകാരിക്ക് ഇന്ന് കൃത്രിമ കൈ ഘടിപ്പിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെ 11ന് ആണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കുക.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് കുട്ടിക്ക് കൃത്രിമ കൈ വയ്ക്കാനുള്ള സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തത്. കഴിഞ്ഞ സെപ്റ്റംബർ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതിനെ തുടർന്നാണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിക്കുന്നത്.
ഇതേ തുടർന്നുണ്ടായ ചികിത്സ പിഴവിന് പിന്നാലെയാണ് കുട്ടിയുടെ കൈ മുറിച്ചുമാറ്റിയത്. കൈ മാറ്റിവയ്ക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞിരുന്നു.
കുടുംബത്തിന് ആകെ ലഭിച്ചത് 2 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടാകാതിരുന്നതോടെയാണ് വിഷയത്തിൽ പ്രതിപക്ഷ നേതാവ് ഇടപെടുന്നത്. വി.ഡി. സതീശൻ ഇന്ന് ആശുപത്രിയിലെത്തി കുട്ടിയെ സന്ദർശിക്കും.
Kerala
തിരുവനന്തപുരം: ആരോഗ്യ മേഖലയുടെ വളർച്ചയ്ക്ക് സഹായിക്കുന്നതാണ് ഇത്തവണത്തെ സംസ്ഥാന ബജറ്റെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൈദ്യശുശ്രൂഷയും പൊതുജനാരോഗ്യവും മേഖലയ്ക്കുള്ള പദ്ധതി വിഹിതം ഗണ്യമായി വർധിപ്പിച്ച് 2500.31 കോടി രൂപ വകയിരുത്തിയെന്നും മന്ത്രി പറഞ്ഞു.
മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപ നീക്കിവച്ചു. ആരോഗ്യ മേഖലയിൽ നടന്നു വരുന്ന തുടർ വികസന പ്രവർത്തനങ്ങൾക്കും പുതിയ വികസന പ്രവർത്തനങ്ങൾക്കും ഇത് സഹായിക്കും.
റോഡപകടങ്ങളിൽപ്പെടുന്നവർക്ക് ആദ്യത്തെ അഞ്ച് ദിവസം പണരഹിത ചികിത്സ നൽകുന്ന പദ്ധതിയ്ക്കായി 15 കോടി രൂപ വകയിരുത്തി. പദ്ധതിയുടെ കീഴിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും ഈ സൗകര്യമുണ്ടാകും.
കേരളത്തിലെ വയോധികർക്കിടയിൽ ന്യൂമോകോക്കൽ വാക്സിനേഷൻ പരിപാടിയ്ക്കായി 50 കോടി രൂപ വകയിരുത്തി. ബിപിഎൽ കുടുംബങ്ങളിലെ 60 വയസ്സും അതിൽ കൂടുതലുമുള്ള പ്രായമായ വ്യക്തികൾക്ക് സഹായകരമാകും.
ഡയാലിസിസ് സൗകര്യമില്ലാത്ത എല്ലാ താലൂക്ക് തല ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിനായി 14.20 കോടി രൂപ വകയിരുത്തി. ഇതോടെ താലൂക്ക് തലം വരെയുള്ള എല്ലാ ആശുപത്രികളിലും ഡയാലിസിസ് സൗകര്യമുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറും.
മലബാർ കാൻസർ സെന്ററിന് 50 കോടി രൂപ, കൊച്ചിൻ കാൻസർ സെന്ററിന് 30 കോടി രൂപ, ആർസിസിക്ക് 90 കോടി രൂപ, മെഡിക്കൽ കോളജുകൾ വഴിയുള്ള കാൻസർ ചികിത്സയ്ക്ക് 30 കോടി രൂപ, ജില്ലാ/താലൂക്ക് ആശുപത്രികൾക്ക് മൂന്ന് കോടി രൂപ എന്നിവ ഉൾപ്പെടെ കാൻസർ രോഗനിർണയത്തിനും ചികിത്സയ്ക്കുമായി ആകെ 203 കോടി രൂപ നീക്കിവച്ചു.
കഴിഞ്ഞ വർഷത്തെ വിഹിതത്തെക്കാൾ എംസിസി, ആർസിസി, എന്നിവയ്ക്ക് 15 കോടി രൂപ വീതവും സിസിആർസിക്ക് 12 കോടി രൂപയും മെഡിക്കൽ കോളജുകൾക്ക് 10 കോടി രൂപയും അധികമായി വകയിരുത്തി.
പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായി സംസ്ഥാന പദ്ധതിയിൽ 6.50 കോടി രൂപ നീക്കിവച്ചു. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്കായി (കാസ്പ്) 900 കോടി രൂപ നീക്കിവച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർജിക്കൽ റോബോട്ട് സ്ഥാപിക്കുന്നതിന് 12 കോടി രൂപ വകയിരുത്തി.
ആർദ്രം മിഷൻ രണ്ടാം ഘട്ടം സുസ്ഥിരമാക്കുന്നതിനായി 70.92 കോടി വകയിരുത്തി. മെഡിക്കൽ കോളജ് ആശുപത്രികളിലെ ആശുപത്രി മാലിന്യ സംസ്കരണത്തിനായി 22 കോടി രൂപ നീക്കിവച്ചു. ഇതിനു പുറമെ ആരോഗ്യ സേവന വകുപ്പിന് 3.10 കോടി രൂപയും വകയിരുത്തി.
ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കുള്ള മെഡിക്കൽ, പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലുകളുടെ നിർമാണത്തിനും നവീകരണത്തിനുമായി 10 കോടി രൂപ വകയിരുത്തി. ഡിഎച്ച്എസിന് കീഴിലുള്ള ആശുപത്രികളിൽ കാത്ത് ലാബും ഐസിയുവും സ്ഥാപിക്കുന്നതിന് ഏഴ് കോടി രൂപ.
ഗോത്ര-തീരദേശ-ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ആശുപത്രികളുടെയും ആരോഗ്യ സംരക്ഷണ സ്ഥാപനങ്ങളുടെയും സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനായി 13 കോടി രൂപ. ഡിഎംഇയുടെ കീഴിലുള്ള മെഡിക്കൽ കോളജുകൾക്കായി 259.93 കോടി രൂപയും നീക്കിവച്ചതായും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: വിളപ്പിൽശാല താലൂക്ക് ആശുപത്രിയിൽ ചികിത്സ ലഭിക്കാതെ രോഗി മരിച്ചുവെന്ന ആരോപണത്തിൽ പ്രതികരിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ വീഴ്ചയുണ്ടായില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാലാണ് ആശുപത്രി അടച്ചിട്ടത്. ഒന്നര മിനിട്ടിനുള്ളിൽ രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗിക്ക് സാധ്യമായ ചികിത്സ നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്വാസതടസത്തെ തുടർന്ന് വിളപ്പിൽശാല സ്വദേശിയായ ബിസ്മീർ(37) മരിക്കുന്നത്. പുലർച്ചയോടെ ബിസ്മീറിന് ശ്വാസതടസം അനുഭവപ്പെട്ടു. തുടർന്ന് വിളപ്പിൽശാല സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു.
ഈ സമയം ആശുപത്രിയുടെ ഗേറ്റ് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. ഏറെ വൈകിയാണ് ആശുപത്രിയുടെ അകത്ത് പ്രവേശിക്കാനായതെന്നും കുടുംബം പറഞ്ഞു. അകത്ത് കടന്ന ശേഷവും ഡോക്ടറുടെ സേവനം ലഭിക്കാൻ ഏറെ കാത്തിരിക്കേണ്ടിവന്നു.
ഒടുവിൽ ഡോക്ടർ വന്ന് പരിശോധിക്കുമ്പോൾ ബിസ്മീറിന്റെ നില ഗുരുതരമായി. തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്യുകയാണ് ഡോക്ടർ ചെയ്തത്. ആശുപത്രിയിലെ തന്നെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ബിസ്മീർ മരിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു.
Kerala
കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ വയറിൽ കത്രിക കുടുങ്ങിയ ഹർഷിന ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് മുൻപിൽ സത്യാഗ്രഹമിരിക്കും. ഈ മാസം 28ന് ആണ് ഹർഷിന വീണജോർജിന്റെ വസതിക്ക് മുൻപിൽ ഏകദിന സത്യാഗ്രഹമിരിക്കുക.
നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെയാണ് സമരമെന്ന് ഹർഷിന അറിയിച്ചു. 2017ൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പ്രസവ ശസ്ത്രക്രിയയ്ക്കിടെയാണ് ഹർഷിനയുടെ വയറിൽ കത്രിക കുടുങ്ങുന്നത്.
തുടർന്ന് 2022ൽ ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുത്തെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ഹർഷിന പറയുന്നു. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വ്യക്തമായിട്ടും സർക്കാർ നീതി പുലർത്തിയില്ലെന്ന് ഹർഷിന ആരോപിക്കുന്നു.
ഇതിൽ പ്രതിഷേധിച്ചാണ് ആരോഗ്യമന്ത്രിയുടെ വീട്ടുപടിക്കൽ സത്യാഗ്രഹമിരിക്കാൻ ഹർഷിന തീരുമാനിച്ചത്. ഹർഷിന നൽകിയ പരാതിയിൽ മെഡിക്കൽ കോളജ് പോലീസ് ഡോക്ടർമാരെയും നഴ്സുമാരെയും പ്രതി ചേർത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Kerala
പത്തനംതിട്ട: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രി വീണ ജോർജ് ആറന്മുള മണ്ഡലത്തിലും കെ.യു.ജനീഷ്കുമാർ കോന്നി മണ്ഡലത്തിലും വീണ്ടും മത്സരിക്കുമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം.
പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചാൽ ഇരുവരുടെയും സ്ഥാനാർഥിത്വം ഇരുകൈയും നീട്ടി സ്വീകരിക്കും. മന്ത്രി വീണാ ജോർജ് ലോക പ്രശസ്ത വ്യക്തിയായെന്നും മികച്ച ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണെന്നും അദ്ദേഹം പ്രതികരിച്ചു.
ജനീഷ്കുമാറിനെ വേണമെന്നാണ് കോന്നിയിലെ ജനങ്ങൾ ഒന്നടങ്കം ആഗ്രഹിക്കുന്നത്. മത്സരിച്ചാൽ അദ്ദേഹവും മികച്ച വിജയം നേടുമെന്നും ജില്ലാ സെക്രട്ടറി പ്രതീക്ഷ പ്രകടിപ്പിച്ചു.
ജില്ലയിലെ അഞ്ച് എംഎൽഎമാർ മിന്നും പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഇടതുമുന്നണി സർക്കാർ 8,000 കോടി രൂപയുടെ വികസനം പത്തനംതിട്ട ജില്ലയിൽ നടപ്പാക്കിയിട്ടുണ്ടെന്നും രാജു എബ്രഹാം അവകാശപ്പെട്ടു.
Kerala
പത്തനംതിട്ട: പത്തനംതിട്ട നഗരസഭയിൽ യുഡിഎഫ് സ്ഥാനാർഥിയായി ജനവിധി തേടാൻ മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറിയും. ആരോഗ്യമന്ത്രിയുടെ മുൻ ഓഫീസ് സെക്രട്ടറി തോമസ് പി. ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
പത്തനംതിട്ട നഗരസഭയിലെ 31ആം വാർഡിൽ നിന്നാണ് തോമസ് പി. ചാക്കോ ജനവിധി തേടുന്നത്. നേരത്തെ സിപിഎം പ്രാദേശിക നേതാവായിരുന്നു തോമസ് പി. ചാക്കോ. പാർട്ടിയിലെ ഒരു വിഭാഗവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു.
ഇതേതുടർന്ന് വീണ ജോർജിന്റെ എംഎൽഎ ഓഫീസിൽ നിന്ന് തോമസ് പി. ചാക്കോയെ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തോമസ് പി. ചാക്കോയാണ് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.
District News
നെടുമങ്ങാട് : ആര്യനാട് പഞ്ചായത്തിൽ യാഥാർഥ്യമായത് സ്വപ്നതുല്യമായ വികസന നേട്ടമെന്ന് മന്ത്രി വീണാ ജോർജ്ജ്. ആര്യനാട് പഞ്ചായത്തിൽ ഏഴു ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകായിരുന്നു മന്ത്രി.
പൊതുജനാ രോഗ്യ പ്രവർത്തനങ്ങളുടെ ശാക്തീകരണത്തിനും രോഗ നിർമ്മാർജനത്തിനും രോഗപ്രതിരോധത്തിനും ഇത്തരം ആരോഗ്യ കേന്ദ്രങ്ങൾ വളരെ പ്രധാനമാണെന്നും മന്ത്രി പറഞ്ഞു.
നാലു കോടി രൂപ ചെലവിൽ പൂർത്തിയാക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ചൂഴ, പള്ളിവേട്ട, കൊക്കോട്ടേല, കോട്ടയ്ക്കകം ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം പൂർത്തീകരിക്കുകയും മീനാങ്കൽ, വലിയകലുങ്ക്, ആര്യനാട് ടൗൺ എന്നിവിടങ്ങളിൽ പണി അവസാന ഘട്ടത്തിലുമാണ്. ഇതോടെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കും സ്വന്തമായി കെട്ടിടമുള്ള പഞ്ചായത്തുകളിൽ ഒന്നായി ആര്യനാട് പഞ്ചായത്ത് മാറി.
ആര്യനാട് മാനവീയം വീഥി ഹാപ്പിനസ് പാർക്കിലെ വി. എസ് അച്യുതാനന്ദൻ മെമ്മോറിയൽ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് വി. വിജുമോഹൻ, വൈസ് പ്രസിഡന്റ് യു.റീന സുന്ദരം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.എസ്.മോളി, ഐത്തി അശോകൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
District News
റാന്നി: സംസ്ഥാനത്തു പുതുതായി അനുവദിക്കുന്ന സർക്കാർ നഴ്സിംഗ് കോളജുകളിൽ ഒരെണ്ണം റാന്നിയിൽ അനുവദിക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി വീണാ ജോർജ്. റാന്നി പെരുനാട് ബ്ലോക്ക് കുടുംബാരോഗ്യകേന്ദ്രം ഐപി കെട്ടിടം നിര്‍മാണോദ്ഘാടനം, നവീകരിച്ച കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം, എക്സ് റേ യൂണിറ്റിന്റെ പ്രവര്‍ത്തന ഉദ്ഘാടനം എന്നിവ ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിലും രോഗനിര്മാര്ജനത്തിലും ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നു. 5417 കേന്ദ്രങ്ങളാണ് മുഖ്യമന്ത്രി 2023ല്‍ ഉദ്ഘാടനം ചെയ്തത്. റാന്നിയിലെ വിവിധ ജനകീയാരോഗ്യ കേന്ദ്രങ്ങള്‍ക്കായി 55 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.
പെരുനാട് കുടുംബാരോഗ്യകേന്ദത്തില്‍ നിലവില്‍ കിടത്തി ചികിത്സ ലഭ്യമാണ്.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 37.5 ലക്ഷം രൂപ ചെലവഴിച്ച് ഒപി കെട്ടിടം നവീകരിച്ചു. സര്‍ക്കാരിന്റെ പദ്ധതി വിഹിതത്തില്‍ നിന്ന് 2.25 കോടി രൂപ മുടക്കിയാണ് പുതിയ ഐ പി കെട്ടിടം നിര്‍മിക്കുന്നത്. 5100 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ രണ്ട് നിലകളിലായാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.
പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. ഗോപി, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. എസ്. മോഹനന്, വൈസ് പ്രസിഡന്റ് ഡി. ശ്രീകല, ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എം. എസ്. ശ്യാംമോഹൻ, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സി. എസ്. സുകുമാരൻ, വാര്‍ഡ് അംഗങ്ങളായ റ്റി. എസ്. ശാരി, ടി. ആർ. രാജം, എച്ച്എംസി അംഗങ്ങള്‍, കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി മോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
പത്തനംതിട്ട: ജില്ലാ ആസ്ഥാനായ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുന്ന വികസനം നടന്നെന്ന് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട നഗരസഭ വികസന സദസിന്റെ ഉദ്ഘാടനം അബാന്‍ ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
നഗരത്തിലെ റോഡുകള്‍ ബിഎംബിസി നിലവാരത്തിലായി. പത്തനംതിട്ട റിംഗ് റോഡ് സ്മാര്‍ട്ടായി. 50 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പത്തനംതിട്ട സ്റ്റേഡിയം ജനുവരിയില്‍ നാടിന് സമര്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. നഗരസഭയുടെ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ വികസന പ്രവര്‍ത്തനം ഉള്‍പ്പെടുത്തിയ പ്രോഗ്രസ് റിപ്പോര്‍ട്ട് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു.
മികച്ച പ്രവര്‍ത്തനം നടത്തിയ ഹരിത കര്‍മ സേനാംഗങ്ങളെ ആദരിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിനാ ഹൈദരലി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ആർ. അജിത് കുമാര്‍, ജെറി അലക്സ്, അനില അനിൽ, എസ്. ഷമീര്‍, ആസൂത്രണ സമിതി അംഗം പി. കെ. അനീഷ്,
നഗരസഭാംഗങ്ങളായ ശോഭാ കെ മാത്യു, വി. ആർ. ജോണ്സന്, ആര്. സാബു, നീനു മോഹൻ, എ. അഷ്റഫ്, ലാലി രാജു, സുജ അജി, വിമല ശിവന്, എല്‍ സുമേഷ് ബാബു, സെക്രട്ടറി എ മുംതാസ്, സി ഡി എസ് ചെയര്‍പേഴ്സണ്‍ പൊന്നമ്മശശി എന്നിവര്‍ പ്രസംഗിച്ചു.
District News
പത്തനംതിട്ട: ആരോഗ്യ അനുബന്ധ മേഖലകളില്‍ നടത്തിയ മികവുറ്റ പ്രവര്‍ത്തനത്തിന് പത്തനംതിട്ട ജില്ല പഞ്ചായത്തിന് ആര്‍ദ്ര കേരളം പുരസ്കാരം. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണാ ജോര്‍ജ് പുരസ്കാരം വിതരണം ചെയ്തു. മന്ത്രി എം. ബി. രാജേഷ് അധ്യക്ഷത വഹിച്ചു.
അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെ പ്രവര്‍ത്തന മികവ്, കുന്നന്താനത്ത് സംസ്ഥാനത്ത് ആദ്യമായി പൊതുമേഖലയില്‍ ഒരുക്കിയ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റ്, ഹരിത കര്‍മ സേനയ്ക്ക് ഇലക്ട്രിക് ഓട്ടോ നല്കൽ, സ്കൂളുകളില്‍ സാനിറ്ററി നാപ്കിന് വെയിന്റിംഗ് മെഷീന്, വാട്ടര്‍ പ്യൂരിഫയർ, ഷീ ടോയ്ലറ്റ്, പൊതുജനാരോഗ്യ സംരക്ഷണത്തിന് ആരംഭിച്ച ഓപ്പണ്‍ ജിം, ബഡ്സ് സ്കൂളുകളിലെ കുട്ടികളുടെ പഠനത്തിനും തൊഴില്‍ പരിശീലനത്തിനായുള്ള പദ്ധതികൾ, വയോജന രംഗത്ത് നടപ്പാക്കിയ വീല്‍സ് ഓണ്‍ മീല്‍സ് എന്നിവയാണ് പുരസ്കാര നേട്ടത്തിന് അര്‍ഹമാക്കിയത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് ഏബ്രഹാം, വൈസ് പ്രസിഡന്റ് ബീന പ്രഭ , സ്ഥിരം സമിതി അധ്യക്ഷരായആർ. അജയ കുമാര്‍, ജിജി മാത്യു, സി. കെ. ലതാ കുമാരി, ലേഖ സുരേഷ്, അംഗങ്ങളായ സി. കൃഷ്ണകുമാർ, ജസി അലക്സ് , മായ അനില്‍കുമാർ. രാജി പി. രാജപ്പൻ, ജിജോ മോഡി, അജോമോൻ, സൂപ്രണ്ട് ഡോ. നിധീഷ് ഐസക്ക് സമുവേൽ, ഡോ. സാറ നന്ദന മാത്യു, ഡോ. ഗോപകുമാർ, പിആര്‍ഒ ലെയ സി. ചാക്കോ, അനു തോമസ്, അരുണ്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് പുരസ്കാരം സ്വീകരിച്ചു.
കോഴഞ്ചേരി ജില്ലാ ആശുപത്രിക്ക് ലഭിച്ച എംബിഎഫ്എച്ച്ഐ സര്‍ട്ടിഫിക്കറ്റും ഭരണസമിതി ഏറ്റുവാങ്ങി.
District News
മുണ്ടക്കയം: ആരോഗ്യമേഖലയിൽ ആധുനിക നിലവാരത്തിലുള്ള കൂടുതൽ സൗകര്യങ്ങൾ സർക്കാർ ആശുപത്രിയിൽ ഏർപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള മുണ്ടക്കയം ഫാമിലി ഹെൽത്ത് സെന്ററില്‍ രാത്രികാല കിടത്തിചികിത്സയുടെയും എക്സ്റേ യൂണിറ്റിന്റെയും ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യമേഖലയിലെ സമ്പൂര്‍ണ പരിരക്ഷ ലക്ഷ്യംവച്ച് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പിലാക്കിവരുമ്പോള്‍ സംവിധാനങ്ങളെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തുന്നു. മെഡിക്കല്‍ കോളജുകളില്‍ ഒന്നും നടക്കുന്നില്ലെന്ന് പ്രചരിപ്പിക്കുകയാണ് ചിലർ. അവയവമാറ്റ ശസ്ത്രക്രിയയില്‍ കേരളത്തില്‍ ഒന്നാം സ്ഥാനത്താണ് കോട്ടയം മെഡിക്കല്‍ കോളജ്. കഴിഞ്ഞ ദിവസവും അത്തരം ശസ്ത്രക്രിയകള്‍ വിജയകരമായി ചെയ്യാന്‍ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
സമ്മേളനത്തിൽ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, വൈസ്പ്രസിഡന്റ് ജോളി മടുക്കക്കുഴി, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൻ. പ്രിയ, പഞ്ചായത്ത് പ്രസിഡന്റ് രേഖാ ദാസ്, ജില്ലാ പഞ്ചായത്തംഗം പി.ആര്. അനുപമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.കെ. പ്രദീപ്, ഷക്കീല നസീർ, ടി.ജെ. മോഹനൻ, ടി.എസ്. കൃഷ്ണകുമാർ, സാജൻ കുന്നത്ത്, അനു ഷിജു, ഡോ. വ്യാസ് സുകുമാരൻ തുടങ്ങിയവർ പ്രസംഗിച്ചു.
ബ്ലോക്ക് പഞ്ചായത്തിന്റെ 2020 - 25 ഭരണസമിതിയുടെ കാലഘട്ടത്തില്‍ ഈ ആശുപത്രിയില്‍ മൂന്നു 3.55 കോടി രൂപയുടെ വികസന-സേവന പ്രവർത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞതായി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അറിയിച്ചു.
Kerala
തിരുവനന്തപുരം: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍ക്കെതിരെയുണ്ടായ ആക്രമണം അത്യന്തം അപലപനീയമാണെന്നും മനുഷ്യ മനഃസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ്. സംഭവത്തില്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
താമരശേരി താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിപിനാണ് വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു മരിച്ച ഒമ്പത് വയസുകാരിയുടെ പിതാവായ സനൂപ് എന്നയാളാണ് ഡോക്ടറെ ആക്രമിച്ചത്.
മകൾക്ക് മതിയായ ചികിത്സ ലഭിച്ചില്ല എന്നാരോപിച്ചായിരുന്നു ആക്രമണം. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൾക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചില്ലെന്ന നിലപാടിലായിരുന്നു സനൂപ്. അതേസമയം, തലയ്ക്ക് വെട്ടേറ്റ ഡോക്ടറുടെ നില ഗുരുതരമാണ്. ഇദ്ദേഹത്തെ ചികിത്സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ഓഗസ്റ്റ് 14നാണ് സനൂപിന്റെ മകള്‍ അനയ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു.
കുഞ്ഞിന്റെ മരണകാരണം എന്താണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല എന്നും മരണ സര്‍ട്ടിഫിക്കേറ്റ് ലഭിച്ചില്ല എന്നുമാണ് സനൂപും കുടുംബവും ആരോപിക്കുന്നത്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലും സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സാ പ്രതിസന്ധിയില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. രോഗികള്‍ ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ട സാഹചര്യമില്ലെന്നും സര്‍ക്കാര്‍ പരമാവധി സൗജന്യ ചികിത്സ നല്‍കുകയാണ്. ഉപകരണങ്ങള്‍ വാങ്ങിപ്പിക്കുന്നത് സര്‍ക്കാര്‍ നയമല്ല.
ആരോഗ്യമേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായെന്നും ഇത് സംബന്ധിച്ചുള്ള വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാരിന്റെ കാലസത്തെ അപേക്ഷിച്ച് മികച്ച പ്രവര്‍ത്തനമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ആരോഗ്യമേഖലയെക്കുറിച്ച് പ്രതിപക്ഷത്തിന്റെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ നിയമസഭയില്‍ പറഞ്ഞത്.
അതേസമയം ആരോഗ്യമേഖലയിലെ സിസ്റ്റത്തിന്റെ പ്രശ്നം ഇതുവരെ പരിഹരിച്ചില്ലേയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ചോദിച്ചു. ആരോഗ്യവകുപ്പിന് കപ്പിത്താനില്ലാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സര്‍ജറിക്കുള്ള പഞ്ഞി വരെ രോഗികള്‍ വാങ്ങി നല്‍കേണ്ട അവസ്ഥയാണ്. രോഗികളെ സര്‍ക്കാര്‍ ചൂഷണത്തിന് വിട്ടുകൊടുക്കുകയാണ്. പത്ത് വര്‍ഷം മുന്‍പത്തെ യുഡിഎഫ് ഭരണകാലവുമായി താരതമ്യം ചെയ്യുന്നതിനെ പ്രതിപക്ഷ നേതാവ് പരിഹസിച്ചു.
മന്ത്രി പറയുന്ന കാര്യങ്ങള്‍ ആനമണ്ടത്തരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ പ്രതിസന്ധി നിലനില്‍ക്കുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
Kerala
പത്തനംതിട്ട: മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് പത്തനംതിട്ടയിൽ ആടിയുലയുന്ന കപ്പലും കപ്പിത്താനുമായി യൂത്ത് കോൺഗ്രസിന്റെ നഗര പ്രദക്ഷിണം.
2016-21 നിയമസഭയുടെ അവസാനകാലയളവിൽ മുഖ്യമന്ത്രി പിണറായി വിജയനെ കപ്പിത്താനായി പ്രകീർത്തിച്ച് അന്ന് എംഎൽഎയായിരുന്ന വീണാ ജോർജ് നിയമസഭയിൽ നടത്തിയ പ്രസംഗത്തിന്റെ അലയടികൾ ഉയർത്തിയാണ് പ്രതീകാത്മക നഗര പ്രദക്ഷിണം സംഘടിപ്പിച്ചത്.
പത്തനംതിട്ട ഡിസിസിയിൽ നിന്നും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധ പരിപാടി ആരംഭിച്ചത് .
കപ്പലിന് ഇരുവശത്തുമായി മുഖ്യമന്ത്രിയുടെയും മന്ത്രി വീണാ ജോർജിന്റെയും മുഖം മൂടി അണിഞ്ഞ രണ്ട് പ്രവർത്തകർ കൈ വീശി നീങ്ങി. നിരവധി പ്രവർത്തകർ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു.
പ്രവർത്തകർ സെൻട്രൽ ജംഗ്ഷനിൽ റോഡിൽ മുദ്രാവാക്യം വിളികളോടെ കുത്തിയിരുന്നത് പോലീസ് ഇടപെടലിനു കാരണമായി. ഇത് പോലീസുമായുള്ള ഏറ്റുമുട്ടലിനും ബല പ്രയോഗത്തിനും ഇടയാക്കി. വനിതകൾ ഉൾപ്പെടെയുള്ളവരെ പോലീസ് റോഡിൽ വലിച്ചിഴച്ചതായും പരാതി ഉയർന്നു.
പിന്നീട് പ്രവർത്തകരെ അറസ്റ്റു ചെയ്തുനീക്കി. ഇന്നലെ മന്ത്രിയുടെ അങ്ങാടിക്കലിലെ വീട്ടിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ചും സംഘർഷത്തിനിടയാക്കി
Kerala
തിരുവനന്തപുരം: കോട്ടയം മെഡിക്കൽ കോളജിലെ കെട്ടിടം തകർന്നു യുവതി മരിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സമരത്തെ പ്രതിരോധിക്കാൻ ഡിവൈഎഫ്ഐ. പ്രതിപക്ഷ യുവജന-വിദ്യാർഥി സംഘടനകൾ നടത്തുന്ന സമരങ്ങളിൽനിന്നു വീണാ ജോർജിനായി ‘രക്ഷാപ്രവർത്തന’ത്തിന് ഇറങ്ങുകയാണ് ഡിവൈഎഫ്ഐ. നവകേരള സദസിനായി നേരത്തേ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ ബസ് യാത്രയ്ക്കിടെ കരിങ്കൊടി കാട്ടിയ സംഘടനകളെ ഡിവൈഎഫ്ഐക്കാർ ആക്രമിച്ച് രക്ഷാപ്രവർത്തനം നടത്തിയത് ഏറെ വിവാദമായിരുന്നു. വീണാ ജോർജിനായി ഡിവൈഎഫ്ഐക്കാർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങുന്പോഴും കേരളം വീണ്ടും സംഘർഷ ഭൂമിയാകാനാണു സാധ്യത. മികച്ച ആരോഗ്യമന്ത്രിയായ വീണാ ജോർജിനെ രാജിവയ്പ്പിക്കാമെന്ന വ്യാമോഹം വേണ്ടെന്നും ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കത്തെ പ്രതിരോധിക്കാൻ ചെറുപ്പക്കാരെയാകെ രംഗത്തിറക്കി സംരക്ഷണമൊരുക്കുമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു.
കേരളത്തിന്റെ ആരോഗ്യ സംവിധാനത്തെയാകെ തകർക്കാനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമായി കലാപാഹ്വാനം നടത്തുകയാണ് യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ സംഘടനകൾ. മരണത്തെ അപഹാസ്യമായി കാണുകയും രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ ഉപയോഗപ്പെടുത്തുകയുമാണ്. നിലന്പൂർ ഉപതെരഞ്ഞെടുപ്പു ഘട്ടത്തിലുണ്ടായ മരണത്തിലും ഇതാണു കണ്ടത്. മരണത്തിൽനിന്നു മുതലെടുപ്പു നടത്തുന്നവരായി യൂത്ത് കോണ്‍ഗ്രസ് മാറി. അധികാരം തിരിച്ചുപിടിക്കാൻ ചില സംഭവങ്ങളെ പർവതീകരിച്ചു വിമോചന സമരം സൃഷ്ടിക്കാനാകുമോ എന്നാണു നോക്കുന്നത്. കനുഗോലു ആവിഷ്കരിച്ച 2026ലെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു തന്ത്രം കേരളത്തിൽ ഏശില്ല. മന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്കു മാർച്ച് നടത്തിയവർ പ്രതിപക്ഷ നേതാവിനും പ്രതിപക്ഷ എംഎൽഎമാർക്കും വീടും ഓഫീസുമുണ്ടെന്ന് ഓർക്കണം. അവിടേക്കു ഞങ്ങളെക്കൊണ്ട് മാർച്ച് ചെയ്യിപ്പിക്കരുത് എന്നാണ് യൂത്ത് കോണ്‍ഗ്രസിനെ ഓർമിപ്പിക്കാനുള്ളത്. മുഖ്യമന്ത്രി മാത്രമല്ല, വിവിധ മേഖലകളിലുള്ളവർ വിദേശത്തു ചികിത്സ തേടിയിട്ടുണ്ട്. എവിടെയാണോ മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നത് അവിടെ ചികിത്സക്കുപോകുന്നതിൽ തെറ്റില്ലെന്നു ചോദ്യത്തിനു മറുപടിയായി സനോജ് പറഞ്ഞു.
District News
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ രാജിയാവശ്യപ്പെട്ട് ജില്ലയിൽ പ്രതിപക്ഷ സംഘടനകൾ സമരം ശക്തമാക്കി. മന്ത്രിയുടെ വീട്ടിലേക്കുൾപ്പെടെ ഇന്നലെയും സമരം നടന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രകടനങ്ങളും യോഗങ്ങളും നടന്നു.
പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് വൈകുന്നേരം കപ്പലും കപ്പിത്താനുമായി നടത്തിയ പ്രതീകാത്മക സമരം ശ്രദ്ധേയമായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും മന്ത്രി വീണാ ജോർജിന്റെയും മുഖംമൂടി ധരിച്ച് രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുന്നിൽ നിർത്തിയായിരുന്നു പ്രകടനം. കപ്പൽ ഉരുട്ടിയുള്ള സമരം നഗരത്തിനു പുതുമയായി.
ഇതിനിടെ ജനറൽ ആശുപത്രി ബി ആൻഡ് സി ബ്ലോക്കിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഡിസിസി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട തുടങ്ങിയവരുടെ നേതൃത്വത്തിൽ ചുവരുകളിൽ തൂണു നാട്ടി പ്രതിഷേധിച്ചു.
ശോച്യാവസ്ഥ കാരണം കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇളകിത്തുടങ്ങിയിട്ടുണ്ട് . കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ തൂണുകളുമായി എത്തി കെട്ടിടത്തിന് താങ്ങു കൊടുത്ത് നിർത്തി. ഡിസിസി ജനറൽ സെക്രട്ടറി കെ. ജാസിംകുട്ടി, കെഎസ്യു ജില്ലാ ജനറൽ സെക്രട്ടറി സുഹൈൽ നജീബ്, ജില്ലാ ജനറൽ സെക്രട്ടറി കാർത്തിക് മുരിങ്ങമംഗലം, നസീം കുമ്മണ്ണൂർ, ബാബുജി ഈശോ, അബ്ദുൽ ഷുക്കൂർ, അജ്മൽ കരിം, സജി അലക്സാണ്ടർ എന്നിവർ നേതൃത്വം നൽകി.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയില്‍ ആരോഗ്യ മന്ത്രി വീണജോർജിനെതിരേ പ്രതിഷേധം ശക്തമാകുന്നു. പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് മാർച്ച് നടന്നു.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം കനത്ത സംഘർഷത്തിൽ കലാശിച്ചു. ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചു.
എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാതെ ബാരിക്കേഡിന് മുന്നിൽ വീണ്ടും സംഘടിച്ചതോടെ പോലീസ് ലാത്തി വീശി.
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. കണ്ണൂരില്‍ ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ത്ത് പ്രവർത്തകർ ഡിഎംഒ ഓഫീസിലേക്ക് ചാടിക്കടന്നതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പല നേതാക്കളെയും അറസ്റ്റുചെയ്തു.
അതേസമയം, മന്ത്രി വീണാ ജോര്‍ജിന്റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു.
Kerala
പത്തനംതിട്ട: തിരുവനന്തപുരം മെഡിക്കല്‍ കോളജ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ഹസന് ചൂണ്ടിക്കാണിച്ച വിഷയങ്ങളെല്ലാം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യം വര്‍ധിച്ചതിന് അനുസരിച്ച് രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. 2021 ല്‍ രണ്ടര ലക്ഷം പേരാണ് മെഡിക്കല്‍ കോളജില്‍ സൗജന്യ ചികില്‍സ നേടിയതെങ്കില്‍ 2024 ല്‍ ആറര ലക്ഷമാണ്. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന സര്‍ക്കാര്‍ ആശുപത്രികളുടെ മികവിനു തെളിവാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കരള്‍ മാറ്റല്‍ ശസ്ത്രക്രിയ വരെ നടക്കുന്നു. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും കുഴപ്പമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കരുത്. നിങ്ങള്‍ സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് മുന്നില്‍ പോകാത്തത് എന്തു കൊണ്ടാണെന്നും മന്ത്രി ചോദിച്ചു. ഡോ. ഹാരിസ് പറയുന്ന കാര്യങ്ങള്‍ കൃത്യമാണെന്നും പരിശോധിക്കുമെന്നും അവർ പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷത്തിനുള്ളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഐപിയിലും ഒപിയിലുമെത്തുന്ന രോഗികളുടെയും സര്ജറികളുെടയും എണ്ണത്തില്‍ വലിയ വര്‍ധനയുണ്ട്. 10 വര്‍ഷം മുന്‍പ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അപൂര്‍വ രോഗത്തിന് ചികില്‍സയുണ്ടായിരുന്നില്ല. കരള്‍ മാറ്റിവയക്കല്‍ നടത്തിയപ്പോള്‍ രോഗി മരിച്ചു പോയി. ഇന്നിപ്പോള്‍ എത്ര ട്രാന്‍സ്പ്ലാന്റേഷനാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഡിയോളജി ഇന്റർവെന്‍ഷന്‍സ് നടത്തുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്. ഡോ. ഹാരിസ് പറഞ്ഞിരിക്കുന്ന വിഷയം നിലവിലെ സംവിധാനത്തിന്റെ പ്രശ്നമായി കാണേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
സംവിധാനത്തില്‍ സൂക്ഷ്മമായ തിരുത്തലുകള്‍ ആവശ്യമൂണ്ടെന്ന് അദ്ദേഹത്തിന് വിശ്വാസമുള്ളതു കൊണ്ടാകാം അങ്ങനെ ചെയ്തത്. വേണ്ടപ്പെട്ടവരെ ചൂണ്ടിക്കാണിച്ചിട്ടും അതു സാധിക്കാതെ വന്നപ്പോള്‍ ശ്രദ്ധിക്കപ്പെടേണ്ട ഇടത്ത് എത്താന്‍ വേണ്ടി അദ്ദേഹം ചെയ്തതായിരിക്കാം. സിസ്റ്റമെന്നാല്‍ സര്‍ക്കാരും മറ്റ് സംവിധാനങ്ങളും അടങ്ങിയതാണ്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കട്ടെ. രോഗിയുടെ വിഷയം സ്വന്തം വിഷയമായി കരുതുന്നിടത്താണ് ഡോക് ടര്‍ വിജയിക്കുന്നത്. ഡോക് ടറുടെ പോസ്റ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരിശോധിക്കും. ചട്ടങ്ങള്‍ അനുസരിച്ചാണ് കാര്യങ്ങള്‍ മുന്നോട്ട പോകുന്നത്. ഇതിന് ഭേദഗതി വരുത്തുന്നതിന് ഫയല്‍ അദാലത്ത് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നഴ്സിംഗ് സ്കൂളുകൾക്കും മൂന്ന് ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്ററുകൾക്കും പുതിയ ബസുകൾ അനുവദിച്ചു. കേരള നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ ആരോഗ്യ വകുപ്പിന് കൈമാറിയ 1.83 കോടി രൂപ വിനിയോഗിച്ചാണ് ബസുകൾ വാങ്ങിയത്.
തിരുവനന്തപുരം, കോട്ടയം, തൃശൂർ, ഇടുക്കി മുട്ടം, പത്തനംതിട്ട ഇലന്തൂർ എന്നീ നഴ്സിംഗ് സ്കൂളുകൾക്കും തൈക്കാട് എസ്സി/എസ്ടി ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ, പാലക്കാട് പെരിങ്ങോട്ടുകുറിശി ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ, കാസർഗോഡ് ജെപിഎച്ച്എൻ ട്രെയിനിംഗ് സെന്റർ എന്നിവയ്ക്കാണ് ബസ് അനുവദിച്ചത്.
ബസുകളുടെ ഫ്ളാഗ് ഓഫ് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, കേരള നഴ്സിംഗ് ആൻഡ് മിഡ് വൈവ്സ് കൗൺസിൽ രജിസ്ട്രാർ പ്രഫ. സോന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.